ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കില്‍ മല്ലപ്പള്ളി ബ്ളോക്ക് പരിധിയില്‍ വരുന്ന ഒരു പഞ്ചായത്താണ് കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 16.86ചതുരശ്ര കിലോമീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് മല്ലപ്പള്ളി, കുന്നന്താനം പഞ്ചായത്തുകള്‍, കിഴക്ക് മണിമലയാര്‍, പുറമറ്റം പഞ്ചായത്തുകള്‍ പടിഞ്ഞാറ് കവിയൂര്‍ പഞ്ചായത്ത്, തെക്ക് മണിമലയാര്‍, ഇരവിപേരൂര്‍ പഞ്ചായത്തുകള്‍ എന്നിവയാണ്. പഞ്ചായത്തിലെ വാര്‍ഡുകളുടെ എണ്ണം 14 ആണ്. പ്രസിദ്ധമായ ഇടപ്പളളി രാജവംശത്തിന്റെ ആസ്ഥാനം, മതമൈത്രിക്കു പുകള്‍പെറ്റ ദേവീക്ഷേത്രത്തിന്റെയും ക്രൈസ്തവ ദേവാലയത്തിന്റെയും സാമീപ്യം, സര്‍വ്വോപരി ക്ഷേത്ര കലകളുടെയും നാടന്‍ കലകളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും കേളീരംഗം ഇങ്ങനെ തെക്കന്‍ തിരുവിതാംകൂറിനെ സമ്പന്നമാക്കിയ സാംസ്ക്കാരിക തരംഗങ്ങള്‍ക്ക് ഉറവിടമായ പുണ്യഭൂമിയാണു കല്ലൂപ്പാറ. പ്രഗത്ഭരായ പല സ്വാതന്ത്ര്യസമരസേനാനികള്‍ക്കും കല്ലൂപ്പാറ ജന്മം നല്‍കി. മുഖ്യ ജീവനോപാധി കൃഷിയും അതുമായി ബന്ധപ്പെട്ട തൊഴിലുകളും ആയിരുന്നു. കുന്നുകളും മലകളും താഴ്വരകളും ഇടകലര്‍ന്നുള്ള പ്രത്യേക ഭൂപ്രകൃതിയാണ് ഈ പഞ്ചായത്തിനുള്ളത്. സമുദ്ര നിരപ്പില്‍ നിന്നും 50 മുതല്‍ 200 മീറ്റര്‍ വരെ ഉയരമുള്ള സ്ഥലങ്ങള്‍ പഞ്ചായത്തിലുണ്ട്. 20-ാം നൂറ്റാണ്ടിന്റെ ആരംഭം വരെ പഞ്ചായത്തിലെ കൃഷിയിടങ്ങളില്‍ ഭൂരിഭാഗവും വന്‍ഭൂഉടമകളായ ഇടപ്പള്ളി തമ്പുരാക്കന്മാരുടെ കൈവശമായിരുന്നതിനാല്‍ വ്യാപകമായ കൃഷി ഉണ്ടായിരുന്നില്ല. ഇന്നു കാണുന്ന വിദ്യാലയങ്ങളില്‍ നല്ല പങ്കും ജനപങ്കാളിത്തത്തോടെ രൂപം കൊണ്ടവയാണ്. കല്ലൂപ്പാറ അമ്പലത്തിനു സമീപം സ്ഥാപിതമായ വിദ്യാലയമാണ് (ഇന്ന് ഗവ. എല്‍.പി സ്ക്കൂള്‍) പഞ്ചായത്തിലെ ആദ്യ ഔപചാരിക വിദ്യാലയം. കര്‍മ്മ കുശലരായ കുറെ നാട്ടുകാര്‍ സംഘടിച്ച് കല്ലൂപ്പാറ വലിയ പള്ളിയുടെ പൂമുഖത്താണ് ഈ വിദ്യാലയം ആരംഭിച്ചത്. അതു വളര്‍ന്ന് മൂന്നു ക്ളാസുവരെ ആയപ്പോള്‍ ഒന്നു മുതല്‍ നാലു വരെ ക്ളാസുകളായി ക്ഷേത്രത്തിനു തെക്കേ നടയില്‍ ഇന്നു കാണുന്ന എല്‍ പി സ്ക്കൂളായി സ്ഥാപിച്ചു. 1919-ല്‍ ഓര്‍ത്തഡോക്സ് സമുദായം വകയായി ആരംഭിച്ച ഇംഗ്ളീഷ് യു.പി.സ്ക്കൂള്‍ പഞ്ചായത്തിലെ ആദ്യത്തെ ഇംഗ്ളീഷ് വിദ്യാഭ്യാസ സ്ഥാപനമാണ്.മുമ്പ് പെരും പാറനാട് ("നിരവധി പാറകളുടെ നാട്" എന്നർത്ഥം) എന്നാണ് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്, പിന്നീട് ഇത് പെരുമ്പ്രനാട് എന്ന് ചുരുക്കി കല്ലൂപ്പാറ ആയി മാറി. എ.ഡി. രണ്ടാം സഹസ്രാബ്ദം മുതലുള്ള ഐതിഹാസിക കല്ലൂപ്പാറ സെന്റ് മേരീസ് പള്ളിയും കല്ലൂപ്പാറ ദേവി ക്ഷേത്രവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
ഭരണ ചരിത്രം
സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ വില്ലേജ് യൂണിയനില്‍ നിന്നാണ് കല്ലൂപ്പാറയുടെ തദ്ദേശസ്വയംഭരണ ചരിത്രം ആരംഭിക്കുന്നത്. പാട്ടത്തില്‍ ഗോപാലപിള്ളയായിരുന്നു വില്ലേജ് യൂണിയന്റെ അദ്ധ്യക്ഷന്‍. തിരുവിതാംകൂറില്‍ പഞ്ചായത്ത് സംവിധാനം നിലവില്‍ വന്നപ്പോള്‍ തന്നെ കല്ലൂപ്പാറ പഞ്ചായത്ത് രൂപമെടുത്തു. കിഴക്കും വടക്കും മണിമലയാറും തെക്ക് കിഴക്ക് മല്ലപ്പള്ളി പഞ്ചായത്തും പടിഞ്ഞാറ് കുന്നന്താനവും കവിയൂരും പഞ്ചായത്തിന് അതിര് വരയ്ക്കുന്നു. 1953-ല്‍ ആദ്യത്തെ പഞ്ചായത്ത് ഭരണ സമിതി നിലവില്‍ വന്നു. മരേട്ട് തോപ്പില്‍ എം സി നൈനാന്‍ പ്രസിഡന്റായ ഭരണ സമിതി രൂപം കൊണ്ടു.
സാമൂഹിക സാംസ്കാരിക ചരിത്രം
രാജഭരണകാലത്തു തന്നെ ഭരണസിരാകേന്ദ്രമെന്ന നിലയില്‍ ശ്രദ്ധേയമാണു കല്ലൂപ്പാറ. കൊച്ചി ആസ്ഥാനമാക്കിയ ഇടപള്ളി തമ്പുരാക്കന്മാരുടെ അധീനതയിലായിരുന്നു ഈ പ്രദേശം. ഇടപ്പള്ളി കേന്ദ്രമാക്കി ഭരണം നടത്തിയ എളങ്ങല്ലൂര്‍ നമ്പൂതിരിയുടേതായിരുന്നു ‘ഇടപ്പള്ളി രാജ്യം’. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉദയത്തില്‍ തിരുവല്ല താലൂക്കില്‍ ‘കല്ലൂപ്പാറ പ്രവൃത്തി’ എന്ന ദേശഭാഗം മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങല്‍, വായ്പൂര്, പുറമറ്റം എന്നീ പ്രദേശങ്ങളെ ഉള്‍ക്കൊണ്ടിരുന്നു. കല്ലൂപ്പാറ, കാര്‍ത്തികപ്പള്ളി താലൂക്കിലെ തൃക്കുന്നപ്പുഴ, കുന്നത്തുനാട് താലൂക്കിലെ വാഴപ്പള്ളി എന്നീ സ്ഥലങ്ങളും ഇടപ്പള്ളി രാജാവിന്റെ അധീനതയിലായിരുന്നു. ഇത് ഒരു നമ്പൂതിരിയുടെ രാജ്യമാകയാല്‍ തിരുവിതാംകൂറിന്റെ പടയോട്ടക്കാരനായ മഹാരാജാവ് മാര്‍ത്താണ്ഡവര്‍മ്മ ‘ഇടപ്പള്ളിയെ’ ആക്രമിച്ചിരുന്നില്ല. 1820 വരെ സ്വതന്ത്രമായി നിലകൊണ്ട ഇടപ്പള്ളി സ്വരൂപത്തിന്റെ ഭാഗമായിരുന്നു കല്ലൂപ്പാറ. ബ്രിട്ടീഷ് അധീശത്വത്തോടെ 1820-ല്‍ ‘ഇടപ്പള്ളിയെ’ കൊച്ചി രാജ്യത്തോടു ചേര്‍ത്തു. 1825-ല്‍ ഈ രാജ്യത്തെ ഇംഗ്ളീഷ് റസിഡന്റ് തിരുവിതാംകൂറിനോടു ചേര്‍ത്ത് ഉത്തരവായി. 1825-ല്‍ ‘കല്ലൂപ്പാറ പ്രവൃത്തി’ തിരുവിതാംകൂറിന്റെ ഭാഗമായി. കല്ലൂപ്പാറ ദേവീക്ഷേത്രത്തിനരികില്‍ പുഴയ്ക്കഭിമുഖമായി പ്രത്യേകം പണി കഴിപ്പിച്ച കുളപ്പുര, മാളികയും, എട്ടുകെട്ടും ഇടപ്പള്ളി രാജ പ്രമുഖരുടെ പ്രതാപം വിളിച്ചു പറയും. ഭരണശ്രദ്ധയ്ക്കും സുഖവാസത്തിനുമായി തമ്പുരാന്‍ ഇവിടെ സന്ദര്‍ശിക്കുക പതിവായിരുന്നു. അന്ന് ഇവിടെയുള്ള ക്രിസ്ത്യാനികള്‍ക്ക് ശവസംസ്ക്കാരത്തിനും ആരാധനയ്ക്കും ദൂരെ നിരണത്തുള്ള ക്രൈസ്തവദേവാലയം മാത്രമായിരുന്നു അവലംബം. അവരുടെ കഷ്ടപ്പാടില്‍ മനംനൊന്ത ഇടപ്പള്ളി ശ്രേഷ്ഠന്‍ ഉടന്‍തന്നെ കല്ലൂപ്പാറ ക്ഷേത്രത്തിനു സമീപം തന്നെ ഒരു പള്ളി സ്ഥാപിക്കുന്നതിന് സ്ഥലം അനുവദിച്ച് ഉത്തരവായി. തെക്കുംകൂര്‍രാജവംശത്തിന്റെ ആധിപത്യത്തിലിരുന്ന നാടാണ് കല്ലൂപ്പാറ. ഇടപ്പള്ളി തമ്പുരാക്കന്മാരുടെ കോട്ടയുടെയും പുരാതന ആയോധനവിദ്യ അഭ്യസിച്ചിരുന്ന കളരിയുടേയും അവശിഷ്ടങ്ങള്‍ ഇപ്പോഴും ഇവിടെ കാണാനുണ്ട്. പഞ്ചപാണ്ഡവര്‍ നട്ടുവളര്‍ത്തിയതെന്നു വിശ്വസിക്കപ്പെടുന്ന അഞ്ചിലവുകളുടെ പേരില്‍ അറിയപ്പെട്ട അഞ്ചിലവുങ്കല്‍ ഇന്നത്തെ പുതുശ്ശേരിയായി പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തു നിലകൊളളുന്നു. ക്ഷേത്ര പ്രവേശന വിളംബരത്തിനു മുമ്പും അവര്‍ണ്ണര്‍ക്ക് പ്രവേശനം നിഷേധിക്കാത്ത മധ്യതിരുവിതാംകൂറിലെ ഏകക്ഷേത്രം എന്ന നിലയില്‍ കല്ലൂപ്പാറ ദേവീക്ഷേത്രത്തിന് പ്രാധാന്യമുണ്ട്. സര്‍വ്വജാതിയില്‍പ്പെട്ടവര്‍ക്കും എണ്ണതൊടീക്കാന്‍ അവകാശം, മറ്റു ക്ഷേത്രങ്ങളേക്കാളുപരി വിളക്കെടുക്കുന്നതിന് സ്ത്രീകള്‍ക്കു പ്രത്യേക നേര്‍ച്ച, പള്ളി തിരുന്നാളും ക്ഷേത്ര ഉത്സവങ്ങളും തമ്മിലുള്ള സമന്വയം ഇവ കല്ലൂപ്പാറയുടെ മാത്രം പ്രത്യേകതകളാണ്. പ്രത്യേക പടയണി, ഓട്ടന്‍ തുള്ളല്‍ ഇവയില്‍ പ്രാദേശിക പരിശീലനവും അവതരണവും കൂടാതെ കാക്കാരിശ്ശി നാടകം തുടങ്ങിയ കേരളീയ കലകള്‍ക്കും ഇവിടുത്തെ ക്ഷേത്രങ്ങളില്‍ സ്ഥാനമുണ്ടായിരുന്നു. തെള്ളിയൂര്‍കാവ് വാണിഭത്തെക്കാള്‍ പുരാതനമായ കല്ലൂപ്പാറ മണപ്പുറത്തെ ഭരണിവാണിഭം, കാര്‍ഷിക വിഭവങ്ങള്‍, പണിയായുധങ്ങള്‍ ഇവയുടെ വിപണനത്തിന് ദൂരെ ദിക്കുകളില്‍ നിന്ന് വ്യാപാരികളെയും കൃഷിക്കാരെയും ആകര്‍ഷിച്ചിരുന്നു.